കോഴിനിറച്ചു വാഴയിലയിൽ പൊള്ളിച്ചത്
കോഴി മുഴുവനായി വൃത്തിയാക്കിയത് -1
മാരിനേറ്റ് ചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ
പിരിയൻ മുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
കുരുമുളക് പൊടി -അര ടീസ്പൂൺ
ഗരം മസാല പൊടി -അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ഒരു ഫോർക്ക് ഉപയോഗിച്ചു,വൃത്തിയാക്കി വെച്ചിരിക്കുന്ന കോഴിയുടെ മുകൾ വശം മുഴുവൻ അടുപ്പിച്ചു അടുപ്പിച്ചു കുത്തുക .മാരിനേറ്റ് ചെയ്യാനുള്ള മസാലകളെല്ലാം കൂടി അല്പം വെള്ളം ചേർത്തു കുഴച്ചു കോഴിയുടെ അകത്തും പുറത്തും നന്നായി തേച്ചു പിടിപ്പിക്കുക .ഇങ്ങനെ മസാല പുരട്ടിയ കോഴി കുറഞ്ഞത് ഒരുമണിക്കൂർ നേരത്തേക്ക് അനക്കാതെ മാറ്റിവെക്കുക .ഫ്രിഡ്ജിൽ വെക്കുന്നത് കൂടുതൽ നന്നായിരിക്കും.
മറ്റു ചേരുവകകൾ
വെളിച്ചെണ്ണ -കാൽ കപ്പ്
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് -1 കപ്പ്
തേങ്ങാപ്പാൽ -2 കപ്പ്
റ്റൊമാറ്റോ -2
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
പച്ചമുളക് -4
കറിവേപ്പില -2 കതിർപ്പ്
പിരിയൻ മുളകുപൊടി -ഒന്നര ടേബിൾ സ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
മുട്ട പുഴുങ്ങിയത് -3
തയ്യാറാക്കുന്ന വിധം
ഒരു നോൺസ്റ്റിക് പാനിൽ കാൽ കപ്പ് എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ,അരപ്പ്പുരട്ടി വെച്ചിരിക്കുന്ന കോഴി ഇട്ടു തിരിച്ചും മറിച്ചും ഇട്ടു ചെറുതായി വാട്ടി എടുക്കുക .കോഴി എണ്ണയിൽ നിന്നു മാറ്റിയ ശേഷം ,അതേ എണ്ണയിൽ തന്നെ ഉള്ളി ,ഇഞ്ചി ,പച്ചമുളക് പിളർന്നത് ,കറിവേപ്പില എന്നിവ വഴറ്റുക ,ഉള്ളി നിറം മാറാൻ തുടങ്ങുമ്പോൾ ഉപ്പ് ചേർക്കുക , തുടർന്നു റ്റൊമാറ്റോ ചെറുതായി അരിഞ്ഞത് ചേർത്തു വഴറ്റുക .റ്റൊമാറ്റോ നന്നായി വെന്ത് കുഴയുമ്പോൾ പിരിയൻ മുളകുപൊടി ,ഗരം മസാല പൊടി ,മഞ്ഞൾ പൊടി എന്നിവ അല്പം വെള്ളത്തിൽ കുഴച്ചു ചേർക്കുക .
രണ്ടു മിനിറ്റു കൂടി വഴറ്റിയ ശേഷം ഇതിൽ നിന്നു ഒരുസ്പൂൺ സവോളക്കൂട്ടു കോരിയെടുത്തു രണ്ടു മുട്ടപുഴുങ്ങിയതും കൂടി കോഴിയുടെ ഉള്ളിലേക്ക് കയറ്റി വെക്കുക .ബാക്കി സവോള വഴറ്റിയതിലേക്ക് 2 കപ്പ് തേങ്ങാപാൽ ചേർക്കുക.ഉപ്പ് വേണമെങ്കിൽ വീണ്ടും ചേർത്തതിന് ശേഷം തീ അണക്കുക .
ഒരു കുഴിവുള്ള ,ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ വാട്ടിയ വാഴയില നിരത്തുക .ഒന്നിന് മുകളിൽ മറ്റൊന്നായി 2 ഇല വെക്കുന്നത് നന്നായിരിക്കും .
ഇതിലേക്ക് ചെറുതായി വറുത്തു വെച്ചിരിക്കുന്ന കോഴി ആദ്യം തന്നെ എടുത്തു വെക്കുക .ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന സവോള തേങ്ങാപ്പാൽ മിശ്രിതം ഒഴിക്കുക .ചെറിയ തീയിൽ മൂടി വെച്ചു വേവിക്കുക .
നന്നായി വെന്ത് കഴിഞ്ഞാൽ ,മൂടി തുറന്നുവെച്ചു കുറഞ്ഞ തീയിൽ ചാറ് വറ്റിക്കുക .ചാറ് പറ്റി ,എണ്ണ തെളിയുമ്പോൾ തീ അണക്കാം .
പത്തിരി ,ചപ്പാത്തി ,നെയ്‌ച്ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ വളരെ നല്ലതാണ് .ഇതിൽ കൂടുതലും തേങ്ങാപ്പാൽ വറ്റി ഉണ്ടാവുന്ന എണ്ണയാണ് ചാറിൽ ഉള്ളത് അതുകൊണ്ടുതന്നെ വളരെ രുചികരവും ആരോഗ്യകരവുമായ ഒരു വിഭവമാണ് .എല്ലാവരും ഉണ്ടാക്കി നോക്കുക .
പുഴുങ്ങിയ മുട്ട ,തക്കാളി ,വെള്ളരി എന്നിവ ഉപ്പുപയോഗിച്ചു അലങ്കരിക്കുക
മല്ലിപ്പൊടി ഉപയോഗിക്കാത്തതുകൊണ്ടു പതിവ് രുചികളിൽ നിന്നു വേറിട്ട ഒരു രുചിയാണ് ഇത്തരത്തിൽ ചെയ്യുമ്പോൾ ലഭിക്കുന്നത് .
No comments:
Post a Comment