Popular Posts

Wednesday, 6 July 2016

KARIMEEN POLLICHATHU




കരിമീൻ പൊള്ളിച്ചത്
ആലപ്പുഴക്ക് അതിൻറെതായ ചില രുചിപെരുമകൾ ഉണ്ട് .കിഴക്കിൻറെ വെനീസ് എന്ന് അറിയപ്പെടുന്ന ഞങ്ങളുടെ ആലപ്പുഴ ഇനിയെങ്കിലും കാണാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഇനി താമസിക്കരുത്‌ .ഞങ്ങളുടെ വേമ്പനാട്ടു കായലിലൂടെ ഒരു കെട്ടുവള്ളത്തിൽ ഒരു യാത്ര ഉടൻ പ്ലാൻ ചെയ്തോളു .ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും അത് .ഏതു കൊടിയ വേനലിലും തണുത്ത കുളിർകാറ്റു വീശുന്ന വേമ്പനാട്ടു കായലിൻറെ വിരിമാറിലൂടെ നീർകാക്കയുടെയും നെയ്യാമ്പൽ പൂക്കളുടെയും നടുവിലൂടെ ഒരു യാത്ര .
മാത്രമോ കുട്ടനാടാൻ വഞ്ചി വിഭവങ്ങൾ ആസ്വദിക്കാൻ ഒരു അവസരവും കൂടി .ഞങ്ങളുടെ കായൽ,കുയിൽ ,കരിമീൻ എല്ലാം അടുത്തറിയൂ ......എല്ലാവരേയും ഈ ഭൂമിയിലെ സ്വർഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു .
ആലപ്പുഴയുടെ സ്വന്തം വിഭവമാണ് വാഴയിലയിൽ പൊള്ളിച്ച കരിമീൻ 
വാഴയില ഇല്ലാത്തവർക്ക് nonstick പാനിലും ചെയ്യാം .
കരിമീൻ -2 
സവാള (ചെറുത്‌) -2 
ടൊമാറ്റോ (ചെറുത്‌)-2 
പച്ചമുളക് -5 
ഇഞ്ചി -1 ഇഞ്ച്‌ 
കറിവേപ്പില 
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ 
പിരിയൻ മുളക് പൊടി -4 ടീസ്പൂൺ 
കുടം പുളി -ഒരു ചെറിയ കഷണം 
തേങ്ങാപ്പാൽ -ഒരു കപ്പ്‌ 
ഉപ്പു 
വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
കരിമീൻ വെട്ടി കഴുകി വൃത്തിയാക്കി എടുക്കുക.രണ്ടു പുറവും കത്തികൊണ്ട് അടുപ്പിച്ചു വരയുക .
രണ്ടു ടീസ്പൂൺ മുളകുപൊടി ,കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ അല്പം വെള്ളം ചേർത്ത് പേസ്റ്റ് ആക്കി മീനിൻറെ അകത്തും പുറത്തും തേച്ചു പിടിപ്പിക്കുക .ഒരു നോൻസ്ടിക് പാനിൽ രണ്ടു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അരച്ച് പുരട്ടിയ കരിമീൻ രണ്ടുപുറവും ചെറുതായി ഒന്ന് വാട്ടി എടുക്കുക .ഒരു കാരണവശാലും മൊരിഞ്ഞു പോകരുത് .
കരിമീൻ കോരി എടുത്തതിന് ശേഷം പാനിലേക്ക് ബാക്കി എണ്ണ കൂടി ഒഴിക്കുക .ഇതിൽ രണ്ടു സവാള അരിഞ്ഞതും അഞ്ചു പച്ചമുളക് പിളർന്നതും ഇഞ്ചി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക .വഴന്ന് തുടങ്ങുമ്പോൾ ടൊമാറ്റോ അരിഞ്ഞത് ചേർത്ത് വഴറ്റുക .ടൊമാറ്റോ നന്നായി വാടി കഴിയുമ്പോൾ ബാക്കി മുളകുപൊടി ,അല്പം ഉപ്പ് എന്നിവചേർത്ത് വീണ്ടും വഴറ്റുക .മീനിൽ പുരട്ടിയ അരപ്പ് ബാക്കി ഉണ്ടെങ്കിൽ അതുകൂടി ചേർത്ത് രണ്ടു മിനിറ്റ് കുറഞ്ഞ തീയിൽ വഴറ്റുക .ഇതിലേക്ക് ഒരു കപ്പ്‌ തേങ്ങാപാൽ ചേർക്കുക .പോരാത്ത ഉപ്പും കുടമ്പുളിയും ചേർത്ത് ചാർ തിളക്കാൻ തുടങ്ങുമ്പോൾ വറുത്തു വെച്ചിരിക്കുന്ന മീൻ എടുത്തു ഇറക്കി വെക്കുക .സ്പൂൺ ഉപയോഗിച്ച് ചാറ് കോരി മീനിൻറെ മുകളിൽ ഒഴിച്ച് കൊടുക്കുക .കുറച്ചു സമയത്തിന് ശേഷം മീൻ മറിച്ചിടുക .കുറഞ്ഞ തീയിൽ ചാറ് വറ്റിച്ചു എണ്ണ തെളിയുമ്പോൾ തീ അണയ്ക്കാം .
സവാള അരിഞ്ഞത് ,റ്റൊമറ്റൊ അരിഞ്ഞതു ,ഒരുമുറി നാരങ്ങ എന്നിവ വെച്ച് അലങ്കരിച്ചു വിളമ്പുക .




No comments:

Post a Comment