Popular Posts

Wednesday, 6 July 2016

AMERICAN CHOP SUIE




അമേരിക്കൻ ചോപ്സൂയി 


ഇതാ ഒരു പുതിയ നൂഡിൽ വിഭവം .
കുറച്ചു കറുമുറെ കഴിക്കാനും കുറച്ചു സൂപ്പ് പോലെ കുടിക്കാനും ഉള്ള ഒരു ഐറ്റം .
ധാരാളം ഫ്രഷ് വെജിറ്റബിൾസ് ,ചിക്കൻ ,മുട്ട എല്ലാം എല്ലാം ഇതിലുണ്ട് .
നോമ്പു തുറക്കാൻ ഇതുകൂടി ഒന്നു പരീക്ഷിച്ചു കൂടെ ?
പ്ലെയിൻ നൂഡിൽസ് -200 g
ചിക്കൻ ഉപ്പും കുരുമുളകും ചേർത്തു വേവിച്ചത് -200 g (എല്ലില്ലാതെ )
സവാള -2
ക്യാപ്‌സിക്കം -ചുവപ്പു ,പച്ച ,മഞ്ഞ എല്ലാം കൂടി ഒരു കപ്പ്
വെളുത്തുള്ളി -5 അല്ലി
ഇഞ്ചി ഒരിഞ്ചു -നീളത്തിൽ അരിഞ്ഞത്
പച്ചമുളക് -3
സെലറി അരിഞ്ഞത് -1 ടേബിള് സ്പൂൺ
ക്യാരറ്റ് -1 ചെറുത്
സൺഫ്ലവർ ഓയിൽ -വറുക്കാൻ ആവശ്യത്തിന്
ചിക്കൻ വെന്ത വെള്ളം -അര കപ്പ്
കോൺ ഫ്ലവർ -1 ടീസ്പൂൺ
ടൊമാറ്റോ സോസ് -2 ടേബിൾ സ്പൂൺ
സോയാസോസ് -2 ടീസ്പൂൺ
ക്യാരറ്റ് വട്ടത്തിൽ അരിയുക
സവോള ,കാപ്സികം എന്നിവ ചതുരത്തിൽ അരിയുക
ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് എന്നിവ നീളത്തിൽ അരിയുക
ഒരു ചരുവത്തിൽ വെള്ളം തിളപ്പിച്ചു അതിലേക്കു ഒരു സ്പൂൺ എണ്ണ ഒഴിക്കുക .പ്‌ളെയിൻ നൂഡിൽസ് അതിലേക്കു ചേർത്തു ആവശ്യത്തിന് ഉപ്പും ചേർത്തു വേവിച്ചു വെള്ളം ഊറ്റുക .പൂർണമായും വെള്ളം പോയി കഴിഞ്ഞു അതിൽ കുറച്ചു കോൺഫ്ലോർ ചേർത്തു കുടഞ്ഞു യോജിപ്പിക്കുക .
ഒരു നോൺ സ്റ്റിക് പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചു തിളക്കുമ്പോൾ വെന്ത നൂഡിൽസ് അല്പാല്പം ആയി ഇട്ടു വറുത്തു കോരുക .
മറ്റൊരു പാനിൽ 4 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ സെലറി അരിഞ്ഞത് ചേർത്തു വഴറ്റുക .തുടർന്നു വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ യഥാക്രമം വഴറ്റുക .ഇതിലേക്ക് സവാള ചതുരത്തിൽ അരിഞ്ഞത് ക്യാരറ്റ് അരിഞ്ഞത് ,ഉപ്പു എന്നിവ ചേർത്തു നിറം പോവാതെ വഴറ്റുക .തുടർന്നു ചിക്കൻ സ്ലൈസ് ചെയ്തത് ചേർത്തു വഴറ്റുക .സോസുകൾ ചേർക്കുക .ഒന്നി കൂടി മൊരിച്ച ശേഷം 1 ടീസ്പൂൺ കോൺ ഫ്ലവർ കലക്കി ചേർത്ത ചിക്കൻ സ്റ്റോക് ചേർക്കുക .ചാറു കുറുകുമ്പോൾ വാങ്ങി വെക്കുക .
അല്പം കുഴിവുള്ള ഒരു പ്ലേറ്റിൽ ആദ്യം വറുത്ത നൂഡിൽസ് നിരത്തുക .മുകളിൽ ചിക്കൻ ,വെജിറ്റബിൾ ഗ്രേവി ഒഴിക്കുക .ഏറ്റവും മുകളിൽ ഒരു മുട്ട ബുൾസൈ ഉണ്ടാക്കി വെക്കുക .
ചൂടോടെ കഴിക്കുക .








PAVLOVA



പാവ്‌ലോവ

ഇത് തീർത്തും ഒരു വ്യത്യസ്തമായ ഒരു ഡെസ്സേർട് ആണ് .കാഴ്ചയിൽ ക്രീം കേക്ക് പോലെ തോന്നുമെങ്കിലും ഇതു കേക്കല്ല .ഇത് ഒരു ഓസ്‌ട്രേലിയൻ ഡിഷ്‌ ആണ് .മുട്ടയുടെ വെള്ളയും പഞ്ചസാര പൊടിയും കൂടി അടിച്ചു പതപ്പിച്ചു ഐസ് ബെർഗ് പോലെയാക്കിയിട്ടു ബേക്ക് ചെയ്‌തെടുക്കുന്ന ഒരു mouth melting dessert ആണ് .
പിന്നെ തണുത്തതിനു ശേഷം ക്രീം കേക്കിൻറെ ടോപ്പിംഗ് പോലെ ചെയ്തെടുക്കാം .മുകളിൽ ഫ്രഷ് ഫ്രൂട്സ് വെച്ചു അലങ്കരിച്ചു ആണ് സെർവ് ചെയ്യേണ്ടത് .
മുട്ട -6
പഞ്ചസാര പൊടിച്ചത് -ഒന്നേകാൽ കപ്പ്
കോൺ ഫ്ലവർ -2 ടേബിൾ സ്പൂൺ (വടിച്ചള വ് )
വിന്നാഗിരി -1 ടേബിൾ സ്പൂൺ
വാനിലഎസ്സെൻസ് -അര ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
അലങ്കരിക്കുന്നതിന്
അരക്കപ്പ് -ഹെവി ക്രീം
പഞ്ചസാര പോടി -3 ടേബിൾ സ്പൂൺ
മാങ്ങാ അരിഞ്ഞത് ,കിവി അരിഞ്ഞത് ,സ്ട്രോബെറി അല്ലെങ്കിൽ ചെറി
6 മുട്ടയുടെ വെള്ള വേർതിരിച്ചു എടുക്കുക .അതിലേക്കു ഒരു നുള്ളു ഉപ്പ് ചേർത്തു ഒരു ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ചു അടിച്ചു പതപ്പിക്കുക .ഇതിലേക്ക് വാനില എസ്സൻസ് ചേർത്തു ബീറ്റ് ചെയ്യുക തുടർന്നു വിന്നാഗിരി അല്പാല്പം ആയി ചേർത്തു കൊടുക്കുക.നന്നായി പതഞ്ഞു പൊങ്ങിയതിന് ശേഷം പൊടിച്ച പഞ്ചസാര ,കോൺ ഫ്ലവർ എന്നിവ അല്പാല്പം ആയി തൂവി കൊടുത്തുകൊണ്ട് വീണ്ടും ബീറ്റ് ചെയ്യുക .ഒരു സമയത്തു ഒരു ടേബിൾ സ്പൂൺ വീതം ചേർത്തു കൊടുത്താൽ മതി .
ഒരു ബേക്കിങ് ട്രേയെടുക്കുക .അതിൽ ഒരു ബട്ടർ പേപ്പർ വെക്കുക .ബട്ടർ പേപ്പറിൽ ഒരു വട്ടത്തിലെ പാത്രം വെച്ചു വലിയ ഒരു വൃത്തം വരക്കുക .ബട്ടർ പേപ്പർ മറിച്ചു വെക്കുക
ഈ വൃത്തത്തിനുള്ളിലേക്കു പതപ്പിച്ചു വെച്ചിരിക്കുന്ന മുട്ട മിശ്രിതം സൂക്ഷിച്ചു അർദ്ധ ഗോളാകൃതിയിൽ നിരത്തുക .മുകൾ ഭാഗം അല്പം പരന്നിരിക്കട്ടെ .
ഓവൻ 200 ഡിഗ്രി പ്രീ ഹീറ്റ് ചെയ്യുക .തുടർന്നു 180 ഡിഗ്രി ചൂടിൽ ഒരു മണിക്കൂർ ബേക്ക് ചെയ്യുക ,മിശ്രിതം ഗ്രില്ലിനോട് ഒരുപാട് അടുത്തു വരാത്ത വിധം പൊക്കം ക്രമീകരിക്കുക .ഒരു കാരണ വശാലും ഓവൻ ഇടക്ക് തുറന്നുനോക്കാതിരിക്കുക .ചൂട് പതുക്കെ പതുക്കെ കുറഞ്ഞു റൂം temperature ആവാൻ അനുവദിക്കുക .
അല്ലെങ്കിൽ പാവ്‌ലോവ താഴ്ന്നു പോവും .ഏറ്റവും നല്ലതു രാത്രി ബേക്ക് ചെയ്തിട്ടു രാത്രി മുഴുവൻ ഓവൻ തുറക്കാതെ വെച്ചിട്ടു പിറ്റേന്നു തുറക്കുന്നതാണ് നല്ലത്
അര കപ്പ് heavy cream നന്നായി അടിച്ചു പതപ്പിക്കുക .ഇതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാര പൊടി വിതറി
പതപ്പിച്ചതിനു ശേഷം പാവ്‌ലോവയുടെ മുകളിൽ തേച്ചു പിടിപ്പിക്കുക .അതിൻറെ മുകളിൽ അരിഞ്ഞ പഴങ്ങൾ നിരത്തി അലങ്കരിക്കുക .
ഇലക്ട്രിക് ബീറ്റർ ഇല്ലെങ്കിൽ ഹാൻഡ് മിക്സർ ഉപയോഗിച്ചു വേണമെങ്കിലും ചെയ്യാം
 














NEYYADA (MALABAR SPECIAL)

നെയ്യട
 മലബാര്‍ ഇഫ്താര്‍ സ്പെഷ്യല്‍ നെയ്യട 
ആവിയില്‍  വേവിച്ചെടുക്കുന്ന ഒരു മധുര പലഹാരം.

മൈദ-3 table spoon
പാല്‍ - 1 cup
മുട്ട -3
പഞ്ചസാര -3table spoon
ഏലയ്കാപ്പൊടി -1/4 table spoon
നെയ്
ഉപ്പ്
മൈദ ഒരുകപ്പ് പാലില്‍ കട്ടയില്ലാതെ നേര്‍മ്മയായി കലക്കുക.അതിലേക്ക് ഒരുനുള്ള് ഉപ്പും ചേര്‍ത്ത് ഇളക്കി മാറ്റി വെയ്കുുക.മൂന്ന് മുട്ട പഞ്ചസാരയും ഏലയ്കാപ്പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി മാറ്റിവെക്കുക. ഒരു അപ്പച്ചെമ്പ് ആവശ്യത്തിന് വെള്ളമൊഴിച്ച് അടുപ്പത്ത് വെയ്ക്കുക.ഒരുപാത്രത്തില്‍ നെയ് തടവി അത് അപ്പച്ചെമ്പിലേക്ക് ഇറക്കി വെയ്കുുക.അതിലേക്ക് ഒരുസ്പൂണ്‍ മൈദാമാവ് നേര്‍മ്മയായി കലക്കിയത്ഒഴിച്ച് നിരത്തുക.മൂ ടിവെച്ച് അല്പ സമയം വേവിക്കുക.ഉറച്ചു കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ ഒരു ലെയര്‍ മുട്ടക്കൂട്ട് നിരത്തുക.വീണ്ടും മൂ ടിവെച്ച് വേവിക്കുക.ഉറച്ചുകഴിഞ്ഞാല്‍ ഒരുസ്പൂണ്‍ നെയ് നിരത്തുക.അതിനുശേഷം മുകളില്‍ വീണ്ടും മൈദക്കൂട്ട് ഒഴിക്കുക ഉറച്ചതിനുശേഷം മുട്ടക്കൂട്ട് പിന്നെ നെയ് അങ്ങിനെ കൂട്ട് തീരുന്നതുവരെ ഇത് തുടരുക.അവസാനത്തെ മൈദ ലെയര്‍ ഒരുനുള്ള് ഫുഡ്കളര്‍ ചേര്‍ത്ത് നിരപ്പായി ഒഴിക്കുക.മൂ ടിവെച്ച് പത്ത് മിനിട്ട്കൂടി ആവിയില്‍ വേവിക്കുക.ഉറക്കുന്നതിന് മുന്‍പ് നെയ്യില്‍ മൂ പ്പിച്ച അണ്ടിപ്പരിപ്പ് മുകളില്‍ പതിച്ച് വെക്കുക


                                         
 















KARIMEEN POLLICHATHU




കരിമീൻ പൊള്ളിച്ചത്
ആലപ്പുഴക്ക് അതിൻറെതായ ചില രുചിപെരുമകൾ ഉണ്ട് .കിഴക്കിൻറെ വെനീസ് എന്ന് അറിയപ്പെടുന്ന ഞങ്ങളുടെ ആലപ്പുഴ ഇനിയെങ്കിലും കാണാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഇനി താമസിക്കരുത്‌ .ഞങ്ങളുടെ വേമ്പനാട്ടു കായലിലൂടെ ഒരു കെട്ടുവള്ളത്തിൽ ഒരു യാത്ര ഉടൻ പ്ലാൻ ചെയ്തോളു .ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും അത് .ഏതു കൊടിയ വേനലിലും തണുത്ത കുളിർകാറ്റു വീശുന്ന വേമ്പനാട്ടു കായലിൻറെ വിരിമാറിലൂടെ നീർകാക്കയുടെയും നെയ്യാമ്പൽ പൂക്കളുടെയും നടുവിലൂടെ ഒരു യാത്ര .
മാത്രമോ കുട്ടനാടാൻ വഞ്ചി വിഭവങ്ങൾ ആസ്വദിക്കാൻ ഒരു അവസരവും കൂടി .ഞങ്ങളുടെ കായൽ,കുയിൽ ,കരിമീൻ എല്ലാം അടുത്തറിയൂ ......എല്ലാവരേയും ഈ ഭൂമിയിലെ സ്വർഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു .
ആലപ്പുഴയുടെ സ്വന്തം വിഭവമാണ് വാഴയിലയിൽ പൊള്ളിച്ച കരിമീൻ 
വാഴയില ഇല്ലാത്തവർക്ക് nonstick പാനിലും ചെയ്യാം .
കരിമീൻ -2 
സവാള (ചെറുത്‌) -2 
ടൊമാറ്റോ (ചെറുത്‌)-2 
പച്ചമുളക് -5 
ഇഞ്ചി -1 ഇഞ്ച്‌ 
കറിവേപ്പില 
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ 
പിരിയൻ മുളക് പൊടി -4 ടീസ്പൂൺ 
കുടം പുളി -ഒരു ചെറിയ കഷണം 
തേങ്ങാപ്പാൽ -ഒരു കപ്പ്‌ 
ഉപ്പു 
വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
കരിമീൻ വെട്ടി കഴുകി വൃത്തിയാക്കി എടുക്കുക.രണ്ടു പുറവും കത്തികൊണ്ട് അടുപ്പിച്ചു വരയുക .
രണ്ടു ടീസ്പൂൺ മുളകുപൊടി ,കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ അല്പം വെള്ളം ചേർത്ത് പേസ്റ്റ് ആക്കി മീനിൻറെ അകത്തും പുറത്തും തേച്ചു പിടിപ്പിക്കുക .ഒരു നോൻസ്ടിക് പാനിൽ രണ്ടു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അരച്ച് പുരട്ടിയ കരിമീൻ രണ്ടുപുറവും ചെറുതായി ഒന്ന് വാട്ടി എടുക്കുക .ഒരു കാരണവശാലും മൊരിഞ്ഞു പോകരുത് .
കരിമീൻ കോരി എടുത്തതിന് ശേഷം പാനിലേക്ക് ബാക്കി എണ്ണ കൂടി ഒഴിക്കുക .ഇതിൽ രണ്ടു സവാള അരിഞ്ഞതും അഞ്ചു പച്ചമുളക് പിളർന്നതും ഇഞ്ചി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക .വഴന്ന് തുടങ്ങുമ്പോൾ ടൊമാറ്റോ അരിഞ്ഞത് ചേർത്ത് വഴറ്റുക .ടൊമാറ്റോ നന്നായി വാടി കഴിയുമ്പോൾ ബാക്കി മുളകുപൊടി ,അല്പം ഉപ്പ് എന്നിവചേർത്ത് വീണ്ടും വഴറ്റുക .മീനിൽ പുരട്ടിയ അരപ്പ് ബാക്കി ഉണ്ടെങ്കിൽ അതുകൂടി ചേർത്ത് രണ്ടു മിനിറ്റ് കുറഞ്ഞ തീയിൽ വഴറ്റുക .ഇതിലേക്ക് ഒരു കപ്പ്‌ തേങ്ങാപാൽ ചേർക്കുക .പോരാത്ത ഉപ്പും കുടമ്പുളിയും ചേർത്ത് ചാർ തിളക്കാൻ തുടങ്ങുമ്പോൾ വറുത്തു വെച്ചിരിക്കുന്ന മീൻ എടുത്തു ഇറക്കി വെക്കുക .സ്പൂൺ ഉപയോഗിച്ച് ചാറ് കോരി മീനിൻറെ മുകളിൽ ഒഴിച്ച് കൊടുക്കുക .കുറച്ചു സമയത്തിന് ശേഷം മീൻ മറിച്ചിടുക .കുറഞ്ഞ തീയിൽ ചാറ് വറ്റിച്ചു എണ്ണ തെളിയുമ്പോൾ തീ അണയ്ക്കാം .
സവാള അരിഞ്ഞത് ,റ്റൊമറ്റൊ അരിഞ്ഞതു ,ഒരുമുറി നാരങ്ങ എന്നിവ വെച്ച് അലങ്കരിച്ചു വിളമ്പുക .




COCONUT RICE




COCONUT RICE

(തേങ്ങാ സാദം )

ഇന്നിതാ ഒരു പുതുമയാർന്ന വിഭവവും കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത് .കാഴ്ചയിലെ പോലെ തന്നെ രുചിയിലും ലാളിത്യം പുലർത്തുന്ന ഒരു അരി ആഹാരം .
അച്ചാർ മുതൽ മട്ടൻ ചുക്ക വരെയുള്ള എല്ലാ വിധ കറികളോടും പിണക്കമില്ലാതെ യോജിച്ചു പോവുന്ന ഒരു ഡിഷ്‌ .
ഉണ്ടാക്കാൻ വേണ്ട സമയം - 5 മിനിറ്റ്
ബിരിയാണി അരി - ഒന്നര കപ്പ്‌
തേങ്ങ -ഒരു കപ്പ്‌
അണ്ടി പരിപ്പ് -6
നെയ്‌ ഉരുക്കിയത് - 2 ടേബിൾ സ്പൂൺ (അളവു കൂടും തോറും രുചി കൂടും )
അരി ഉപ്പിട്ട് പാകത്തിന് വേവിച്ചു ഊറ്റി വെക്കുക
ഒരു ചീനച്ചട്ടി അടുപ്പത് വെച്ച് ഉരുക്കിയ നെയ്‌ ഒഴിക്കുക .
അതിലേക്കു അണ്ടിപ്പരിപ്പ് പിളർന്നത് ഇട്ടു മൂപ്പിച്ചു എടുക്കുക
തുടർന്ന് തേങ്ങാപീര കൂടി ചേർത്ത് 2 മിനിറ്റ് കൂടി മൂപ്പിക്കുക .പാകത്തിന് ഉപ്പു ചേർക്കുക .
ഇതിലേക്ക് വേവിച്ച ചോറ് കുടഞ്ഞിട്ടു നന്നായി ഒന്ന് ഇളക്കി യോജിപ്പിക്കുക .1 മിനിറ്റ് കൂടി കുറഞ്ഞ തീയിൽ
പൊടിയാതെ ഇളക്കിയെടുക്കുക .ചൂടോടു കൂടെ കഴിക്കുക






FISH CURRY (KOTTAYAM STYLE)




 KOTTAYAM STYLE FISH CURRY
 നല്ല തുമ്പപ്പൂ നിറമുള്ള ലേസ് വെച്ച പാലപ്പവും നല്ല ചുക ചുകാന്നു ചുവന്ന കോട്ടയം 
സ്റ്റൈൽ മീൻ കറിയും ആയാലോ ?നല്ല ഒന്നാംതരം combination ആണ് .മാത്രമല്ല ആരോഗ്യകരവുമാണ് .
കോട്ടയംകാർ മുളകുപൊടി ഇട്ടു മീൻകറി വെക്കും .ആലപ്പുഴക്കാർ തേങ്ങാ അരച്ച് മീൻകറി വെക്കും .
എല്ലാം ഒന്നിനൊന്നു മികച്ചത് .കോട്ടയം മീൻകറി, കാണാൻ കുറച്ചുകൂടി മൊഞ്ചത്തിയാണ് .
പാലപ്പം ഉണ്ടാക്കാൻ എല്ലാവർക്കും അറിയാവുന്ന സ്ഥിതിക്ക് കോട്ടയം മീൻകറിയുടെ recipe പറയാം .
കോട്ടയം മീൻകറി
നല്ല ദശകട്ടിയുള്ള മീൻ -1 കിലോ
ചുവന്നുള്ളി -അര കപ്പ്‌ ( അളവ് കൂടിയാൽ നല്ലത്)
വെളുത്തുള്ളി -ഒരു കുടം
കുടം പുളി -2 വലിയ കഷണം
പച്ചമുളക് -4
ഇഞ്ചി -1 ഇഞ്ച്‌ (നീളത്തിൽ അരിഞ്ഞു വെക്കുക )
തേങ്ങാപാൽ -3 കപ്പ്‌
പിരിയൻ മുളക് പൊടി -4 ടേബിൾ സ്പൂൺ
മല്ലിപൊടി -1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
എണ്ണ -4 ടേബിൾ സ്പൂൺ
ഉലുവ -കാൽ ടീസ്പൂൺ
കടുക് -അര ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞു എടുക്കുക .
വെളുത്തുള്ളി തൊലി കളഞ്ഞു വൃത്തിയാക്കുക .അരിയേണ്ടത് ഇല്ല .
പച്ചമുളക് പിളർന്നു വെക്കുക.
പൊടികളെല്ലാം അല്പം വെള്ളത്തിൽ കുഴച്ചു വെക്കുക .
കുടംപുളി കഴുകി കാൽ കപ്പ്‌ വെള്ളത്തിൽ ഇട്ടു വെക്കുക .
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാവുമ്പോൾ ആദ്യം കടുക് പൊട്ടിക്കുക തുടർന്നു ഉലുവ പൊട്ടിക്കുക .അതിന് ശേഷം വെളുത്തുള്ളി വഴറ്റുക ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളി ,പച്ചമുളക് ,ഇഞ്ചി ,കറിവേപ്പില എന്നിവ വഴറ്റുക .നന്നായി വഴന്നു എണ്ണ തെളിയാൻ തുടങ്ങുമ്പോൾ വെള്ളത്തിൽ കുതിർത്തു വെച്ചിരിക്കുന്ന
പൊടികൾ ഇട്ടു വഴറ്റി മൂപ്പിക്കുക അതിനു ശേഷം തേങ്ങാപാൽ ചേർത്ത് പാകത്തിന് ഉപ്പും കുടംപുളി നാലായി കീറിയതും ചേർത്ത് നന്നായി തിളക്കുമ്പോൾ,തീകുറച്ച് ,കഴുകി പിഴിഞ്ഞ് വെള്ളം കളഞ്ഞ മീൻ കഷണങ്ങൾ ചേർത്ത് ചട്ടി മൂടിവെച്ചു എണ്ണ തെളിയുന്നത് വരെ ചാറ് വറ്റിക്കുക.
പാകം ചെയ്തു കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞു ഉപയോഗിക്കുന്നതായിരിക്കും നല്ലത് .മീൻ കഷണങ്ങളിൽ ഉപ്പും പുളിയും നന്നായി പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്




CHICKEN ROASTED WITH COCONUT MILK IN BANANA LEAF



കോഴിനിറച്ചു  വാഴയിലയിൽ പൊള്ളിച്ചത്‌


കോഴി മുഴുവനായി വൃത്തിയാക്കിയത് -1

മാരിനേറ്റ്  ചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ

പിരിയൻ മുളകുപൊടി -1 ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
കുരുമുളക് പൊടി -അര ടീസ്പൂൺ
ഗരം മസാല പൊടി -അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്

ഒരു ഫോർക്ക് ഉപയോഗിച്ചു,വൃത്തിയാക്കി വെച്ചിരിക്കുന്ന കോഴിയുടെ മുകൾ വശം മുഴുവൻ അടുപ്പിച്ചു അടുപ്പിച്ചു കുത്തുക .മാരിനേറ്റ് ചെയ്യാനുള്ള മസാലകളെല്ലാം കൂടി അല്പം വെള്ളം ചേർത്തു കുഴച്ചു കോഴിയുടെ അകത്തും പുറത്തും നന്നായി തേച്ചു പിടിപ്പിക്കുക .ഇങ്ങനെ മസാല പുരട്ടിയ കോഴി കുറഞ്ഞത് ഒരുമണിക്കൂർ നേരത്തേക്ക് അനക്കാതെ മാറ്റിവെക്കുക .ഫ്രിഡ്ജിൽ വെക്കുന്നത് കൂടുതൽ നന്നായിരിക്കും.

മറ്റു ചേരുവകകൾ

വെളിച്ചെണ്ണ -കാൽ കപ്പ്
ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് -1 കപ്പ്
തേങ്ങാപ്പാൽ -2 കപ്പ്
റ്റൊമാറ്റോ -2
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
പച്ചമുളക് -4
കറിവേപ്പില -2 കതിർപ്പ്
പിരിയൻ മുളകുപൊടി -ഒന്നര ടേബിൾ സ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
മുട്ട പുഴുങ്ങിയത് -3

തയ്യാറാക്കുന്ന വിധം

ഒരു നോൺസ്റ്റിക് പാനിൽ കാൽ കപ്പ് എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ,അരപ്പ്പുരട്ടി വെച്ചിരിക്കുന്ന കോഴി ഇട്ടു തിരിച്ചും മറിച്ചും ഇട്ടു ചെറുതായി വാട്ടി എടുക്കുക .കോഴി എണ്ണയിൽ നിന്നു മാറ്റിയ ശേഷം ,അതേ എണ്ണയിൽ തന്നെ ഉള്ളി ,ഇഞ്ചി ,പച്ചമുളക് പിളർന്നത് ,കറിവേപ്പില എന്നിവ വഴറ്റുക ,ഉള്ളി നിറം മാറാൻ തുടങ്ങുമ്പോൾ ഉപ്പ് ചേർക്കുക  , തുടർന്നു റ്റൊമാറ്റോ ചെറുതായി അരിഞ്ഞത് ചേർത്തു വഴറ്റുക .റ്റൊമാറ്റോ നന്നായി വെന്ത് കുഴയുമ്പോൾ പിരിയൻ മുളകുപൊടി ,ഗരം മസാല പൊടി ,മഞ്ഞൾ പൊടി എന്നിവ അല്പം വെള്ളത്തിൽ കുഴച്ചു ചേർക്കുക .
രണ്ടു മിനിറ്റു കൂടി വഴറ്റിയ ശേഷം  ഇതിൽ നിന്നു ഒരുസ്പൂൺ സവോളക്കൂട്ടു  കോരിയെടുത്തു രണ്ടു മുട്ടപുഴുങ്ങിയതും കൂടി കോഴിയുടെ ഉള്ളിലേക്ക് കയറ്റി വെക്കുക .ബാക്കി സവോള വഴറ്റിയതിലേക്ക് 2 കപ്പ് തേങ്ങാപാൽ ചേർക്കുക.ഉപ്പ് വേണമെങ്കിൽ വീണ്ടും ചേർത്തതിന് ശേഷം തീ അണക്കുക .


ഒരു കുഴിവുള്ള ,ചുവട് കട്ടിയുള്ള ചീനച്ചട്ടിയിൽ വാട്ടിയ വാഴയില നിരത്തുക .ഒന്നിന് മുകളിൽ മറ്റൊന്നായി  2 ഇല  വെക്കുന്നത് നന്നായിരിക്കും .
ഇതിലേക്ക് ചെറുതായി വറുത്തു വെച്ചിരിക്കുന്ന കോഴി ആദ്യം തന്നെ എടുത്തു വെക്കുക .ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന സവോള തേങ്ങാപ്പാൽ മിശ്രിതം ഒഴിക്കുക .ചെറിയ തീയിൽ മൂടി വെച്ചു വേവിക്കുക .
നന്നായി വെന്ത് കഴിഞ്ഞാൽ ,മൂടി തുറന്നുവെച്ചു കുറഞ്ഞ തീയിൽ ചാറ് വറ്റിക്കുക .ചാറ് പറ്റി ,എണ്ണ തെളിയുമ്പോൾ തീ അണക്കാം .

പത്തിരി ,ചപ്പാത്തി ,നെയ്‌ച്ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ വളരെ നല്ലതാണ് .ഇതിൽ കൂടുതലും തേങ്ങാപ്പാൽ വറ്റി ഉണ്ടാവുന്ന എണ്ണയാണ് ചാറിൽ ഉള്ളത് അതുകൊണ്ടുതന്നെ വളരെ രുചികരവും ആരോഗ്യകരവുമായ ഒരു വിഭവമാണ് .എല്ലാവരും ഉണ്ടാക്കി നോക്കുക .


പുഴുങ്ങിയ മുട്ട ,തക്കാളി ,വെള്ളരി എന്നിവ ഉപ്പുപയോഗിച്ചു അലങ്കരിക്കുക


മല്ലിപ്പൊടി ഉപയോഗിക്കാത്തതുകൊണ്ടു പതിവ് രുചികളിൽ നിന്നു വേറിട്ട ഒരു രുചിയാണ് ഇത്തരത്തിൽ ചെയ്യുമ്പോൾ ലഭിക്കുന്നത് .